ദീപാവലിയോട് അനുബന്ധിച്ച് ഡൽഹിയിൽ പടക്ക നിരോധനത്തിൽ ഇളവ് വരുത്തി സുപ്രീം കോടതി. എൻഇഇആർഐ സാക്ഷ്യപ്പെടുത്തിയ ഹരിത പടക്കങ്ങൾ മാത്രം വിൽക്കാനും ഉപയോഗിക്കാനുമാണ് അനുമതിയുള്ളത്. കൂടാതെ, ഒക്ടോബർ 18 മുതൽ 21 വരെ മാത്രമാണ് പടക്കങ്ങൾ ഉപയോഗിക്കാൻ കോടതി അനുവാദം നൽകിയിരിക്കുന്നത്. മേൽ പറഞ്ഞ കാലയളവിന് ശേഷം ഈ പടക്കങ്ങളുടെ വിൽപ്പനയ്ക്കുള്ള നിരോധനം തുടരും. ഈ നിരോധന നിയമം ലംഘിക്കുന്ന പടക്ക നിർമ്മാതാക്കൾക്കും വിൽപ്പനക്കാർക്കും എതിരെ കർശന നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.
സാക്ഷ്യപ്പെടുത്തിയ സ്ഥാപനങ്ങൾക്ക് നിയുക്ത സ്ഥലങ്ങളിൽ മാത്രമേ ഹരിത പടക്കങ്ങൾ വിൽക്കാൻ കഴിയൂ. ഹരിത പടക്കങ്ങളുടെ ആധികാരികത ഉപഭോക്താകൾക്ക് പരിശോധിക്കാൻ കഴിയുന്ന തരത്തിൽ ക്യൂ ആർ കോഡുകൾ നിർബന്ധമാക്കും എന്നും കോടതി നിർദേശത്തിൽ വ്യക്തമാക്കി. ഈ പടക്കങ്ങളുടെ നിർമ്മാണത്തിലും വിൽപ്പനയിലും ജാഗ്രത പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി മോണിറ്ററിംഗ് ടീമുകൾ രൂപീകരിക്കാൻ പൊലീസിനും സർക്കാരിനും കോടതി നിർദേശം നൽകി. പടക്കം ഉപയോഗിക്കാവുന്ന സമയത്തിനും കോടതി പരിധി നിശ്ചയിച്ചിട്ടുണ്ട്. രാവിലെ ആറിനും എട്ടിനും ഇടയ്ക്കും രാത്രി എട്ടിനും പത്ത് മണിയ്ക്കും ഇടയ്ക്കുമാണ് പടക്കം ഉപയോഗിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
