വയനാട് മാനന്തവാടിയിലെ കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ നടപടി. കടുവയെ വെടിവെക്കാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടു. വെടിവെച്ചോ കൂട് വെച്ചോ കടുവയെ പിടിക്കാൻ ഉത്തരവ് നൽകിയെന്ന് മന്ത്രി പറഞ്ഞു. വനത്തിനുള്ളിൽ നടന്ന ആക്രമണമാണോ എന്നത് ഇപ്പോൾ പരിഗണിക്കുന്നില്ല. ചെയ്യാവുന്നതിന്റെ പരമാവധി സർക്കാർ ചെയ്യുമെന്നും ധനസഹായം ഉൾപ്പെടെ കൊല്ലപ്പെട്ട രാധയുടെ കുടുംബത്തിന് നൽകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
സംഭവത്തെ തുടർന്ന് മന്ത്രി ഒ ആര്‍ കേളുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രിയദര്‍ശിനി എസ്റ്റേറ്റിന് മുന്നിലാണ് പ്രതിഷേധം. ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീയായ രാധയാണ് കൊല്ലപ്പെട്ടത്. വയനാട് വൈൽഡ് ലൈഫിന്റെ ഭാഗമായുള്ള പ്രദേശത്താണ് സംഭവം ഉണ്ടായിരിക്കുന്നത്. ജോലിക്കായി പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. തോട്ടത്തിൽ കാപ്പി പറിക്കാൻ എത്തിയപ്പോഴായിരുന്നു കടുവയുടെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് പരിശോധന ആരംഭിച്ചു. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് രാധ.












