മലപ്പുറം എളങ്കൂരിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ പൊലീസ് ഭർതൃവീട്ടുകാരുടെ മൊഴിയെടുക്കും. ജീവനൊടുക്കിയ വിഷ്ണുജയുടെ കുടുംബത്തിന്‍റെ പരാതിയിൽ ഭർതൃവീട്ടുകാർക്കെതിരെയും ആരോപണങ്ങൾ ഉണ്ടായിരുന്നു. വിഷ്ണുജയെ സൗന്ദര്യമില്ലെന്ന് പറഞ്ഞും സ്ത്രീധനത്തിന്‍റെ പേരിലും ഭർത്താവ് നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത ഭർത്താവ് പ്രബിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ആത്മഹത്യാ പ്രേരണ, സ്ത്രീപീഡനം എന്നീ കുറ്റങ്ങളാണ് പ്രബിനെതിരെ ചുമത്തിയിട്ടുള്ളത്. വിഷ്ണുജയെ സൗന്ദര്യമില്ലെന്ന് പറഞ്ഞും സ്ത്രീധനത്തിന്‍റെ പേരിലും ഭർത്താവ് നിരന്തരം പീഡിപ്പിച്ചെന്നാണ് പരാതി.
കഴിഞ്ഞ മാസം 30ന് ആണ് വിഷ്ണുജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബെഡ്റൂമിന്റെ ജനലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. രണ്ട് കൈയ്യിൽ നിന്നും രക്‌തം വാർന്ന നിലയിലായിരുന്നു. വിഷ്‌ണുജയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. സൗന്ദര്യം കുറവാണെന്ന് പറഞ്ഞു പ്രബിൻ നിരന്തരം വിഷ്‌ണുജയെ ആക്ഷേപിച്ചിരുന്നെന്ന് കുടുംബം പറയുന്നു. വിവാഹം കഴിഞ്ഞു ഒന്നരവർഷമായിട്ടും ഒപ്പം വാഹനത്തിൽ കൊണ്ടുപോകാനോ വിഷ്‌ണുജയുടെ വീട്ടിലേക്ക് വരാനോ പ്രബിൻ തയ്യാറായിരുന്നില്ല. ഒപ്പം കൊണ്ടുനടക്കാനുള്ള സൗന്ദര്യം ഇല്ലെന്നാണ് പ്രബിൻ പറഞ്ഞിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. സ്‌ത്രീധനം കുറഞ്ഞുപോയെന്നും ആക്ഷേപിച്ചിരുന്നു. മാനസികമായി വിഷ്‌ണുജ വളരെയധികം പീഡനം നേരിട്ടിരുന്നു. 2023 മേയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം.
