ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസ് അറസ്റ്റിലായതിനെ തുടര്‍ന്ന് പ്രതിഷേധിച്ചവര്‍ക്ക് നേരെ ടിയര്‍ഗ്യാസ് പ്രയോഗിച്ച് ബംഗ്ലാദേശ് പോലീസ്. ചിന്മയ് കൃഷ്ണദാസിന്റെ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്നാണ് പ്രതിഷേധം ആളിക്കത്തിയത്. രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇസ്‌കോണ്‍ അംഗം കൂടിയായ ചിന്മയ് കൃഷ്ണദാസിനെ ധാക്ക വിമാനത്താവളത്തില്‍നിന്ന് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
ചിന്മയ് കൃഷ്ണദാസിനെ തിരികെ ജയിലിലേക്ക് കൊണ്ടുപോകുമ്പോള്‍ രണ്ടായിരത്തോളം വരുന്ന ജനക്കൂട്ടം പോലീസ് വാഹനം രണ്ടുമണിക്കൂര്‍ നേരത്തേക്ക് തടഞ്ഞുവെച്ചു. പ്രതിഷേധക്കാര്‍ ഇഷ്ടിക ഉള്‍പ്പെടെയുള്ളവ തങ്ങള്‍ക്ക് നേരെ വലിച്ചെറിയുകയായിരുന്നുവെന്ന് പോലീസ് പ്രതികരിച്ചു.
രാജ്യത്ത് ഹിന്ദുക്കൾ നേരിടുന്ന അതിക്രമങ്ങളും വിവേചനങ്ങളും വർദ്ധിച്ച് വരുന്നതിനെതിരെ രംഗ്പൂരിൽ നടന്ന റാലിയെ കഴിഞ്ഞ ദിവസം ചിന്മയ് കൃഷ്ണദാസ് അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ടും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധ റാലികൾ നടക്കുന്നുണ്ട്.
