വയനാട്ടിലെ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി,അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പ്രദേശത്തും ഇന്ന് രാവിലെ ഭൂമിക്കടിയിൽ നിന്നും മുഴക്കവും, പ്രകമ്പനവും നേരിയ കുലക്കവും അനുഭവപെട്ടതായി പ്രദേശ വാസികൾ അറിയിച്ചു, രാവിലെ 10 മണിയോടെയാണ് സംഭവം.
അതിൽ കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പ്രദേശത്ത് ഭൂമിക്കടിയിൽ നിന്നും വലിയ ശബ്ദമാണ് കേട്ടതെന്ന് സ്ഥലവാസികൾ പറയുന്നു, ഈ വിവരം അറിഞ്ഞു റവന്യു ഉദ്യോഗസ്ഥർ അവിടേക്ക് പുറപ്പെട്ടിട്ടുണ്ട്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എന്നാൽ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന കേരള ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി അറിയിച്ചു. വലിയ പ്രകമ്പനം എവിടെയും അനുഭവപ്പെട്ടിട്ടില്ലെന്നാണ് നാഷണൽ സീസ്മോളജി സെൻ്ററിനെ ഉദ്ധരിച്ച് കേന്ദ്ര കാലാവസ്ഥാ കേന്ദ്രവും അറിയിക്കുന്നത്.
ജില്ലാ കളക്ട്രേറ്റിൽ നിന്ന് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ഷംഷാദ് മരക്കാർ അറിയിച്ചു. ഭൂമികുലുക്കത്തിൻ്റേതായ സൂചനയില്ലെന്നും സോയിൽ പൈപ്പിങാകാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്ന് ഉദ്യോഗസ്ഥരുമായി സംസാരിച്ചതിൽ നിന്ന് മനസിലായെന്ന് ഷംഷാദ് പറയുന്നു.
ജനം പരിഭ്രാന്തരാണ്, എങ്കിലും നാശനഷ്ടങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല, നെന്മേനി വില്ലേജിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പലവയൽ എന്നിവിടങ്ങളിലാണ് കുലുക്കം അനുഭവപ്പെട്ടത്. എടയ്ക്കൽ ഗുഹ ഉൾപ്പെടുന്ന അമ്പുകുത്തി മലയുടെ താഴ്‌വാരങ്ങളിലാണ് ഈ സംഭവം. ആദ്യം കേട്ട ശബ്ദം ഇടിവെട്ടിയതാവാമെന്നാണ് നാട്ടുകാർ പലരും കരുതിയത്. എന്നാൽ അതല്ലെന്ന് പിന്നീട് മനസിലായി. ഉഗ്ര ശബ്ദത്തിന് പിന്നാലെ ഭൂമി നേരിയ നിലയിൽ കുലുങ്ങുകയും ചെയ്യ്തത്.
