സർക്കാർ നൽകുന്ന ജലം ഉപയോഗിക്കുന്ന സാധാരണക്കാർക്ക് തിരിച്ചടി ലഭിക്കാൻ സാധ്യത. മിനിമം ജലം മാത്രം ഉപയോഗിക്കുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് സർക്കാർ ആനുകൂല്യം നൽകി വരുകയായിരുന്നു. എന്നാൽ ഈ ആനുകൂല്യം നഷ്ടപ്പെടുത്തുന്ന സാഹചര്യം ഇപ്പോൾ സൃഷ്ടിച്ചിരിക്കുകയാണ് വാട്ടർ അതോറിറ്റി.
അഞ്ച് മാസമായി ബിപിഎൽ വിഭാഗത്തിൽ വരുന്ന ആളുകളുടെ ആനുകൂല്യം നഷ്ടപ്പെട്ടിരിക്കുകയാണ്. വാട്ടർ അതോറിറ്റിയുടെ കണക്ഷനെടുത്ത ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവർ ഒരു മാസത്തില്‍ 15 കിലോലിറ്ററില്‍ താഴെ മാത്രം വെള്ളമേ ഉപയോഗിക്കുന്നുള്ളുവെങ്കില്‍ സർക്കാരിന്റെ ആനുകൂല്യം മൂലം അത് പൂർണമായും സൗജന്യമാണ്. ഈ ഉപഭോക്താക്കൾ ബില്ലടക്കേണ്ടതില്ല എന്നതാണ് സർക്കാർ ഇവർക്ക് നൽകിയിരിക്കുന്ന ഇളവ്.
എന്നാല്‍ എല്ലാ വർഷവും ബി.പി.എല്‍ ഉപഭോക്താക്കള്‍ അവരുടെ അവകാശം തെളിയിക്കുന്ന വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ വർഷം വരെ വാട്ടർ അതോറിറ്റി ഓഫീസുകളില്‍ നേരിട്ട് ചെന്നായിരുന്നു ഇവ അപ്‌ഡേറ്റ് ചെയ്തിരുന്നത്. എന്നാല്‍ ഈ വർഷം മുതല്‍ വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കണമെന്ന് വാട്ടർ അതോറിറ്റി നിർദ്ദേശിച്ചിരുന്നു. ഇത് കാരണം ഉപഭോക്താക്കൾ അക്ഷയ വഴി അവരുടെ വിവരങ്ങൾ നൽകിയെങ്കിലും ഇവർക്ക് ബിൽ വരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കാരണം ജനുവരി മുതൽ ഏപ്രിൽ വരെയുള്ള ബിൽ അടയ്‌ക്കേണ്ട സാഹചര്യമാണ് ഇപ്പോൾ ഇവർക്ക് ഉള്ളത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉപഭോക്താക്കളെ ഇത് വലിയ രീതിയിൽ തന്നെ ബാധിക്കുന്നതാണ്.
