News

വാളയാർ കേസ്; പെൺകുട്ടികളുടെ അച്ഛനെയും അമ്മയെയും പ്രതി ചേർത്ത് സിബിഐ കുറ്റപത്രം

വാളയാർ കേസിൽ അച്ഛനെയും അമ്മയെയും പ്രതി ചേർത്ത് സിബിഐ കുറ്റപത്രം. ബലാത്സംഗ പ്രേരണാകുറ്റമാണ് ചുമത്തിയത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്.  പോക്‌സോ, ഐപിസി നിയമങ്ങൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണത്തിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. ഇതിൽ പ്രദേശവാസികളടക്കമുള്ളവരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു.

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില് 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാർച്ച് നാലിന് ഇതേ വീട്ടിൽ സഹോദരിയായ ഒമ്പത് വയസ്സുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാർച്ച് ആറിന് പാലക്കാട് എ എസ് പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

13 വയസ്സുള്ള പെണ്‍കുട്ടിയും 9 വയസ്സുള്ള അനുജത്തിയും ലൈംഗിക അതിക്രമത്തിന് ഇരകളായിരുന്നു. ഒരു തവണയല്ല, പല തവണ. കൊന്ന് കെട്ടിത്തൂക്കാനുള്ള സാധ്യതകളിലേക്കുള്ള സംശയങ്ങള്‍ കൂടി വെളിപ്പെടുത്തിക്കൊണ്ടായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 2019 ഒക്ടോബർ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേർത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി മധു, എം മധു, ഷിബു എന്നിവരേയും കോടതി വെറുതെ വിട്ടിരുന്നു.

Most Popular

To Top