വിഷ്ണുപ്രിയയെ വീട്ടിൽ എത്തി കഴുത്തറുത്ത് കൊലപ്പെടുത്തിയതിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷ. പാനൂരിലെ വിഷ്ണുപ്രിയയുടെ വീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. വീട്ടിൽ ആരുമില്ലായിരുന്നു സമയം നോക്കിയാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയതും ഇത്തരമൊരു പാതകം ചെയ്തതും. ജീവപര്യന്തത്തിന് പുറമെ പത്തുവർഷം തടവും ശ്യാംജിത്തിന് കോടതി വിധിച്ചിട്ടുണ്ട്.
തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി(ഒന്ന്) ജഡ്ജി എ.വി മൃദുലയാണ് കേസിന്റെ വാദം മുഴുവൻ കേട്ട ശേഷം ശ്യാംജിത്തിനുള്ള ശിക്ഷ വിധിച്ചിരിക്കുന്നത്. കൊലപാതകക്കുറ്റത്തിനാണ് പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. വീട്ടില്‍ അതിക്രമിച്ചുകയറിയ കുറ്റത്തിന് 10 വർഷം തടവ് കൂടി അനുഭവിക്കണം. ഇത് കൂടാതെ രണ്ടു ലക്ഷം രൂപ പിഴയും നൽകേണ്ടതാണ് ശ്യാംജിത്ത്. ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതിക്ക് നേരുത്തെ തന്നെ ബോധ്യമായി എങ്കിലും വിധി ഇന്നലെയാണ് പറഞ്ഞത്.
2022 ഒക്ടോബർ 22 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു വിഷ്ണുപ്രിയയുടെ കൊലപാതകം നടക്കുന്നത്. പ്രവാസിയായിരുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളാണ് വിഷ്ണുപ്രിയ. 29 മുറിവുകളായിരുന്നു വിഷ്ണുപ്രിയയുടെ ശരീരത്തിലുണ്ടായിരുന്നത്. വീട്ടിലുള്ളവർ അടുത്തുള്ള മരണവീട്ടിൽ പോയ സമയം നോക്കിയാണ് ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തുന്നത്. കഴുത്തിന് ആഴത്തില്‍ മുറിവേറ്റ നിലയിലാണ് വിഷ്ണുപ്രിയയെ പിന്നീട് ബന്ധുക്കൾ കാണുന്നത്.
