വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപിത്തം പടർന്നു പിടിച്ച് കൊണ്ടിരിക്കുകയാണ്. പഞ്ചായത്തിലെ മഞ്ഞപ്പിത്ത വ്യാപനം തടയാൻ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷിന്റെ നേതൃത്വത്തില്‍ മന്ത്രി വീണ ജോർജിനു നിവേദനം നൽകി. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയാണ് നിവേദനം കൈമാറിയത്.
വേങ്ങൂർ പഞ്ചായത്തിൽ 170 കുടുംബങ്ങളിലായി 219 പേരാണ് ഇതിനോടകം ഹെപ്പറ്റൈറ്റിസ് എ പിടിപെട്ട് ചികിത്സയില്‍ കഴിയുന്നത്. രണ്ടുപേർ ചികിത്സയിൽ ഇരിക്കെ മരണപ്പെടുകയും ചെയ്തു. മഞ്ഞപ്പിത്തം ചെറുക്കുന്നതിനുള്ള നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട് എന്നും തൂങ്ങാലി കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നവർക്കും രോഗബാധിത കുടുംബങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം അനുവദിക്കുന്ന കാര്യം പരിശോധിക്കുമെന്നും ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് എന്നിവരുമായി കൂടിയാലോചിച്ച് സർക്കാർ തലത്തില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ ഏകോപിപ്പിച്ച് ചെയ്യുമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. കൂടാതെ രോഗം പിടിപെട്ട് മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം നൽകുമെന്നും ചികിത്സയിൽ കഴിയുന്നവർക് ചികിത്സ സഹായം നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി.