ബിജെപി അലവലാതി പാർട്ടിയായി മാറിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിജെപിയുടെ എല്ലാ കേടർ സംവിധാനവും നഷ്ടപ്പെട്ടുവെന്നും പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസം പാർട്ടിക്ക് അകത്ത് പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന സ്ഥിതിയിലേക്ക് മാറിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
ഇപ്പോൾ പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ മൈക്ക് കെട്ടി അനൗൺസ്മെന്റ് ചെയ്യുകയാണ്. സുരേന്ദ്രന്റെ കപ്പാസിറ്റി എന്താണെന്ന് തനിക്കറിയില്ല. തനിക്ക് സുരേന്ദ്രനെ നേരിട്ടറിയില്ല. ബിജെപിയിൽ തെറ്റായ പ്രവണത വളർന്നുവരുന്നുവെന്നും മുൻപ് ഇങ്ങനെ ഇല്ലായിരുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കേരളത്തിൽ ബിജെപിയ്ക്ക് പൂർണ പിന്തുണ താൻ കൊടുത്തിട്ട് എന്തുകാര്യമെന്നും ജനം പിന്തുണ കൊടുക്കുന്നില്ലല്ലോയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. എൻഡിഎ വോട്ട് പിടിച്ചത് കൊണ്ടാണ് സ്ഥിരമായി ജയിക്കുന്ന തോമസ് ഉണ്ണിയാടൻ തോറ്റതും സജി ചെറിയാൻ ജയിച്ചതും. എൻഡിഎ വോട്ട് പിടിച്ചത് കൊണ്ട് വർക്കല കഹാർ പരാജയപ്പെട്ടത്. എൻഡിഎ എൽഡിഎഫിൻ്റെ ഐശ്വര്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഇപി ജയരാജനെതിരെ തെരഞ്ഞെടുപ്പ് ദിവസം ഉണ്ടായത് അന്തർ നാടകം. പ്രസിദ്ധീകരിച്ചത് തെറ്റായ ദിവസം. ഇ പി ജയരാജനെയും സർക്കാരിനെയും ആക്രമിക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.
