2023 മേയ് 10 നാണ് ഡോക്ടർ വന്ദനാ ദാസ് താൻ സേവനമനുഷ്ഠിച്ചിരുന്ന ആശുപത്രിയിൽ വെച്ച് അതി ക്രൂരമായി കൊലചെയ്യപ്പെട്ടത്. വൈദ്യ പരിശോധനക്കായി പോലീസ് എത്തിച്ച പ്രതി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വന്ദനയെ കത്രിക കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. അധ്യാപകനായി ജോലി ചെയ്തുകൊണ്ടിരുന്ന സന്ദീപിന്റെ കുത്തേറ്റാണ് വന്ദന മരണപ്പെടുന്നത്. അപ്രതീക്ഷിതമായി അക്രമാസക്തനായ പ്രതിയിൽ നിന്നുണ്ടായ ആക്രമണത്തെ എതിർക്കാൻ വന്ദനയ്ക്ക് കഴിഞ്ഞിരുന്നില്ല. വന്ദനയെ ചവിട്ടി വീഴ്ത്തിയ ശേഷം സന്ദീപ് സമീപത്ത് തന്നെ ഉണ്ടായിരുന്ന കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
സന്ദീപിന്റെ ഈ ആക്രമണത്തിൽ ആശുപത്രി ജീവനക്കാർക്കും, പൊലീസുകാർക്കും, ആംബുലൻസ് ഡ്രൈവർക്കും പരിക്കേറ്റിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു വന്ദന മരണപ്പെടുന്നത്. ഇതോടെ പ്രതി സന്ദീപിനെ അധ്യാപക വൃത്തിയിൽ നിന്നും പുറത്താക്കി. അന്ന് ഉണ്ടായ നടുക്കത്തിൽ ആണ് ഇപ്പോഴും വന്ദനയുടെ സഹപ്രവർത്തകർ.
വന്ദനയുടെ കേസിൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിച്ചതിന്റെ പ്രതീക്ഷയിലാണ് ഇപ്പോൾ വന്ദനയുടെ കുടുംബം. നീതിന്യായ വ്യവസ്ഥയിൽ ഇപ്പോഴും വിശ്വാസമുണ്ടെന്ന് പിതാവ് മോഹൻദാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി തങ്ങളുടെ ഒറ്റ മകളുടെ വിയോഗം താങ്ങാൻ കഴിയാതെ മകളുടെ ഓർമ്മകളിൽ ജീവിക്കുകയാണ് വന്ദനയുടെ അച്ഛനും അമ്മയും. മകൾക്ക് നീതി ലഭിക്കുന്നത് കാണുക എന്നതാണ് ഈ മാതാപിതാക്കളുടെ ജീവിതത്തിലെ ഇനി ഉള്ള ഒരേ ഒരു ലക്ഷ്യംവും സ്വപ്നവും.