News

ഏകികൃത സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്

ഏകികൃത സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. സംസ്ഥാന സെക്രട്ടേറിയറ്റില്‍ യുസിസി പോര്‍ട്ടല്‍ അനാച്ഛാദനം ചെയ്യുന്ന പരിപാടിക്ക് മുഖ്യമന്ത്രി പുഷ്‌കര്‍ സിംങ് ധാമി നേതൃത്വം നല്‍കും. ഇതോടെ സ്വാതന്ത്ര്യത്തിന് ശേഷം ഏകികൃത സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉത്തരാഖണ്ഡ് സന്ദര്‍ശനത്തിന് തൊട്ടുമുന്‍പായി ഇന്ന് 12.30ഓടെയാണ് യുസിസി പ്രാബല്യത്തില്‍ വരിക.

കഴിഞ്ഞ വർഷമാണ് ഉത്തരാഖണ്ഡ് നിയമസഭ യു സി സി ബിൽ പാസാക്കിയത്. കഴിഞ്ഞ വർഷം തന്നെ രാഷ്ട്രപതി ബില്ലിന് അനുമതി നൽകി. കഴിഞ്ഞ ബുധനാഴ്ച സർക്കാർ ഇത് സംബന്ധിച്ച വിജ്ഞാപനമിറക്കി.
വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം മുതലായവയില്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഏകീകൃത നിയമം ആയിരിക്കും. ഉത്തരാഖണ്ഡിലെ എല്ലാ പൗരൻമാർക്കും അവരുടെ മതം പരിഗണിക്കാതെ ഭൂമിയിലും സ്വത്തിലും അനന്തരാവകാശത്തിനുമുളള അർഹത എന്നിവ ബില്ല് നിഷ്‌കർഷിക്കുന്നുണ്ട്.

വിവാഹത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായം പുരുഷന് 21 വയസും സ്ത്രീയ്ക്ക് 18 വയസും എന്നത് എല്ലാ മതവിഭാഗത്തില്‍ പെട്ടവരും കൃത്യമായി പിന്‍തുടരണം. വിവാഹം നടന്നാലും 60 ദിവസത്തിനകം യു സി സി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യമായ സ്വത്തവകാശം, ലിവിംഗ് ടുഗെദർ ബന്ധത്തിലേർപ്പെടുന്നവർക്കും രജിസ്ട്രേഷൻ നിർബന്ധം, എന്നിവയാണ് നിയമത്തിലെ പ്രധാന വ്യവസ്ഥകൾ.

Most Popular

To Top