അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് ഡോണള്‍ഡ് ട്രംപ്. സെപ്റ്റംബര്‍ 21 മുതല്‍ 23 വരെയുള്ള തിയതികളിലാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം. നാലാമത് ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം അമേരിക്കയിലേക്ക് പോകുന്നത്.
മിഷിഗണില്‍ നടന്ന തെരഞ്ഞെടുപ്പ് ക്യാംപെയ്‌നിന് ഇടയിലായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി മോദി ഫന്റാസ്റ്റിക് ആണെന്നും അദ്ദേഹം അടുത്തയാഴ്ച തന്നെ കാണാന്‍ വരുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
23 വരെ യുഎസില്‍ തങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ ഒരു പരിപാടിയിലും സംസാരിക്കും. ഡെലാവെയറിലെ വില്‍മിങ്ടണിലാണ് ക്വാഡ് ഉച്ചകോടി. ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ നാലു രാജ്യങ്ങളടങ്ങിയ കൂട്ടായ്മയാണ് ക്വാഡ്.
സെപ്റ്റംബര്‍ 23ന് പ്രധാനമന്ത്രി മോദി ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ ‘ഭാവിയുടെ ഉച്ചകോടി’ എന്ന പരിപാടിയില്‍ വിവിധ ലോക നേതാക്കള്‍ക്കൊപ്പം സംസാരിക്കും. ഉച്ചകോടി വേദിയില്‍, മോദി നിരവധി ലോകനേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകളും നടത്തും.
