News

ഉമാ തോമസ് എംഎല്‍എ വീണു പരിക്കേറ്റ സംഭവം; ഓസ്കാർ ഇൻ്റർനാഷണൽ ഇവൻ്റ്സ് ഉടമ പൊലീസ് കസ്റ്റഡിയിൽ

ലൂര്‍ സ്റ്റേഡിയത്തിൽ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വീണു പരിക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇൻ്റർനാഷണൽ ഇവൻ്റ്സ് ഉടമ പി എസ് ​ജിനീഷ് കുമാർ പൊലീസ് കസ്റ്റഡിയിൽ. തൃശ്ശൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പൊലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. കേസിൽ അഞ്ച് പേരെ പൊലീസ് പ്രതി ചേർത്തിരുന്നു. ഇതിൽ മൃദംഗ വിഷൻ സിഇഒ ഷമീർ അബ്‌ദുൾ റഹിം ഇവന്‍റ് മാനേജ്‌മന്‍റ് കമ്പനി മാനേജർ കൃഷ്ണകുമാർ, സ്റ്റേജ് ഡെക്കറേഷൻ സംഘത്തിലെ ബെന്നി എന്നിവർക്ക് ഇടക്കാല ​ജാമ്യം അനുവദിച്ചിരുന്നു.

കഴിഞ്ഞ മാസം 28നാണ് മൃദംഗ വിഷൻ്റെ ആഭിമുഖ്യത്തില്‍ കൊച്ചി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൃദംഗ നാദം എന്ന പേരില്‍ നൃത്തപരിപാടി സംഘടിപ്പിച്ചത്. സിനിമാ താരം ദിവ്യ ഉണ്ണി, സിനിമാ, സീരിയല്‍ താരം ദേവി ചന്ദന അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സ്റ്റേജില്‍ നിന്ന് വീണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. ഇതിന് പിന്നാലെ പരിപാടിയുടെ സംഘാടകരായ മൃദംഗവിഷനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. സ്റ്റേജ് നിര്‍മിക്കാന്‍ സംഘാടകര്‍ അനുമതി വാങ്ങിയില്ലെന്ന ആരോപണവും ശക്തമായി.

Most Popular

To Top