സംസ്ഥാനത്തിന്‍റെ ടൂറിസം സ്വപ്നങ്ങൾക്ക് പുതിയ വേഗം നൽകി ജലവിമാനം കൊച്ചിയിൽ നിന്ന് പറയുന്നുയര്‍ന്നു. ടൂറിസം വികസനത്തിന് കരുത്തേകി ബോൾഗാട്ടിയില്‍ നിന്ന് പറയുന്നയര്‍ന്ന സീപ്ലെയിൻ മാട്ടുപ്പെട്ടി ഡാമിലാണ് ലാൻഡ് ചെയ്തത്. പരീക്ഷണപ്പറക്കല്‍ വിജയകരമായതോടെ ടൂറിസം രംഗത്ത് വമ്പൻ കുതിപ്പാണ് കേരളം പ്രതീക്ഷിക്കുന്നത്. മാട്ടുപ്പെട്ടി ഡാം പരിസരത്ത് ജലവിഭവമന്ത്രി റോഷി അഗസ്‌റ്റിന്റെ നേതൃത്വത്തിൽ വരവേൽപ്പ് നൽകി.
ചെറുവിമാനത്തിൽ 17 സീറ്റാണുള്ളത്. 30 സീറ്റുള്ളവയുമുണ്ട്. റൺവേയ്‌ക്കുപകരം വെള്ളത്തിലൂടെ നീങ്ങിയാണ് പറന്നുയരുക. വെള്ളത്തിൽത്തന്നെ ലാൻഡ് ചെയ്യും. വിമാനത്തിന്റെ വലിപ്പവും യാത്രികരുടെ എണ്ണവും അനുസരിച്ച് വ്യത്യാസപ്പെടുമെങ്കിലും ആറടി ആഴമുള്ള ജലാശയത്തിൽപ്പോലും സുരക്ഷിതമായി ഇറങ്ങാനാകും. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വാട്ടർഡ്രോമുകളിലൂടെയാണ് യാത്രക്കാർ കയറുന്നതും ഇറങ്ങുന്നതും. ബോൾഗാട്ടി, മാട്ടുപ്പെട്ടി എന്നിവയ്‌ക്കുപുറമേ കോവളം, അഷ്ടമുടി, പുന്നമട, കുമരകം, വേമ്പനാട്, മലമ്പുഴ, ബേക്കൽ എന്നിവിടങ്ങളിലാകും വാട്ടർഡ്രോമുകൾ സ്ഥാപിക്കുക.
വിനോദസഞ്ചാരമേഖലയ്ക്ക് ഉണര്‍വേകുമെന്ന് അവകാശപ്പെട്ട് ഇടതുസര്‍ക്കാര്‍ വീണ്ടുമെത്തിക്കുന്ന സീപ്ലെയിന്‍ പദ്ധതി 2013-ല്‍ അന്നത്തെ ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചതാണ്. അന്ന് സി.ഐ.ടി.യു., എ.ഐ.ടി.യു.സി. പിന്തുണയോടെ മത്സ്യത്തൊഴിലാളിസംഘടനകള്‍ പ്രതിഷേധിച്ചപ്പോള്‍ പദ്ധതി പിന്‍വലിക്കേണ്ടിവന്നു.അന്ന് പ്രതിപക്ഷത്തായിരുന്നവര്‍ ഇന്ന് ഭരണപക്ഷത്തെത്തിയപ്പോള്‍ അതേ സീപ്ലെയിന്‍ വലിയമാറ്റങ്ങളൊന്നുമില്ലാതെ വീണ്ടും പറന്നുതുടങ്ങുകയാണ്.
