തിരുപ്പതി ലഡ്ഡു വിവാദം നെയ്യിൽ മായം ചേർത്ത കേസിൽ നാലുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. നെയ്യ് വിതരണം ചെയ്ത മൂന്ന് കമ്പനി മേധാവികൾ ഉൾപ്പടെയാണ് അറസ്റ്റിലായത്. സിബിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് നാല് പ്രതികളെ അറസ്റ്റ് ചെയ്തത്.
റൂർക്കിയിലെ ഭോലെ ബാബ ഡയറിയുടെ മുൻ ഡയറക്ടർമാരായ ബിപിൻ ജെയിൻ, പോമിൽ ജെയിൻ, വൈഷ്ണവി ഡയറി സിഇഒ അപൂർവ വിനയ് കാന്ത് ചൗഡ, എആർ ഡയറി മാനേജിംഗ് ഡയറക്ടർ രാജു രാജശേഖരൻ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ നാളെ തിരുപ്പതി കോടതിയിൽ ഹാജരാക്കും.
ലഡ്ഡു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന നെയ്യിൽ പോത്തിന്റെയും പന്നിയുടെയും കൊഴുപ്പും മീൻ എണ്ണയും പാമോയിലും അടങ്ങിയിട്ടുണ്ടെന്ന് ലാബ് റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിരുന്നു. വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദം തയ്യാറാക്കാൻ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞതോടെയാണ് വിവാദം ആളിക്കത്തിയത്. തുടർന്ന് ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി സിബിഐ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു.
