റാന്നിയില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളും പിടിയിൽ. പ്രതികളായ അരവിന്ദ്, ശ്രീക്കുട്ടൻ, അജോ എന്നിവരെ എറണാകുളത്ത് നിന്നാണ് പിടികൂടിയത്. ഞായറാഴ്ച്ച രാത്രി 9.30 ഓടെയാണ് റാന്നി ചേതോങ്കര സ്വദേശി അമ്പാടിയെ കാട്ടിലെത്തി പ്രതികള്‍ ഇടിച്ചിട്ട ശേഷം ദേഹത്തുകൂടി വാഹനം കയറ്റി ഇറക്കിയാണ് കൊലപ്പെടുത്തിയത്.
ബിവറേജസ് കോര്‍പ്പറേഷനു മുന്നില്‍ ഇരു സംഘങ്ങള്‍ തമ്മില്‍ ഉണ്ടായ വാക്ക് തര്‍ക്കമാണ് അരുംകൊലയ്ക്ക് കാരണമായത്. സാധാരണ അപകടമരണം എന്ന രീതിയിലാണ് റാന്നി പോലീസ് ആദ്യം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ രാത്രി വൈകി പോലീസിന് ലഭിച്ച രഹസ്യവിവരത്തേ തുടര്‍ന്നാണ് അപകട മരണമല്ല കൊലപാതകമാണെന്ന് വ്യക്തമാകുന്നത്.
ഒരാള്‍ മരിച്ചു എന്ന് വിവരം ആയിരുന്നു പോലീസിന് കിട്ടിയത്. എന്നാല്‍ ദേഹത്തെ പരുക്കുകള്‍ സംശയത്തിന് ഇടയാക്കി. അന്വേഷണത്തിലാണ് കൊലപാതക വിവരം വെളിപ്പെടുന്നത്. കൊല്ലപ്പെട്ട അമ്പാടിയും സഹോദരങ്ങളും റാന്നി ബീവറേജസ് കോര്‍പ്പറേഷന്‍ മുന്നില്‍ വച്ച് ചേത്തക്കല്‍ സ്വദേശികളായ ഒരു സംഘവുമായി വാക്ക് തര്‍ക്കം നടന്നു. പിന്നീട് മറ്റൊരു സ്ഥലത്തു വച്ചും ഇവർ ഏറ്റുമുട്ടി. എന്നാൽ അത് അവിടെ അവസാനിച്ചില്ല മന്ദബരിതയിലേക്ക് വാ കാണിച്ചു തരാം എന്ന് രണ്ട് സംഘങ്ങളും വെല്ലുവിളിക്കുകയായിരുന്നു. അമ്പാടിയും സഹോദരങ്ങളും കാറില്‍ ആദ്യം അവിടെ എത്തി. പുറത്തിറങ്ങി ഉടന്‍തന്നെ മറ്റൊരു കാറിലെത്തിയ പ്രതികള്‍ അമ്പാടിയെ ഇടിച്ചിട്ട ശേഷം ദേഹത്തുകൂടി വാഹനം കയറ്റി ഇറക്കുകയായിരുന്നു.
