News

പൂരം കലക്കൽ ദേവസ്വത്തിന്റെ തലയിൽ വച്ചുകെട്ടാൻ ഗൂഢശ്രമം, കേസ് സിബിഐയ്ക്ക് വിടണം, തിരുവമ്പാടി ദേവസ്വം സെക്രട്ടറി

പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമാണെന്ന എഡിജിപി അജിത്കുമാറിന്റെ റിപ്പോർട്ടിന് മറുപടിയുമായി തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ്‌കുമാർ. എല്ലാം തിരുവമ്പാടിയുടെ മേൽ വെച്ചുകെട്ടാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും വിഷയം സിബിഐ അന്വേഷിക്കണമെന്നും റിപ്പോർട്ടിന് മറുപടിയായി ഗിരീഷ്‌കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ദേവസ്വത്തിൽ ഒരുതരത്തിലുള്ള രാഷ്ട്രീയവും ഇല്ല. പലതരത്തിലുളള രാഷ്ട്രീയാഭിമുഖ്യം ഉള്ളവർ ഉണ്ടെങ്കിലും പൂരം വരുമ്പോൾ അവയൊന്നും ഉണ്ടാകാറില്ല. എഡിജിപിയുടെ തെറ്റ് മറികടക്കാനുള്ള റിപ്പോർട്ട് ആണ് ഇപ്പോഴത്തേത് എന്നും ഗിരീഷ്‌കുമാർ പറഞ്ഞു.

പൂരം കലക്കേണ്ടത് തിരുവമ്പാടിയുടെ ആവശ്യമായിരുന്നുവെങ്കിൽ അവിടെ ഉണ്ടായിരുന്ന പൊലീസുകാർ എന്തുകൊണ്ട് ഇത് നേരത്തെ അറിഞ്ഞില്ല എന്നും ഗിരീഷ്‌കുമാർ ചോദിച്ചു. ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ള ഒരു വലിയ പൊലീസ് പട തൃശൂരിൽ ദിവസങ്ങളായി ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നു.. പൂരം കലക്കുമെന്നത് എല്ലാം കഴിഞ്ഞ ശേഷമാണോ അറിഞ്ഞതെന്നും, റിപ്പോർട്ടിലുള്ളത് വളരെ മോശം പരാമർശം ആണെന്നും ഗിരീഷ്‌കുമാർ കുറ്റപ്പെടുത്തി.

Most Popular

To Top