ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ജയിലുകളിൽ തടവുകാരുടെ ജാതി നോക്കി തൊഴിലുകൾ വീതിച്ചുനൽകുന്ന സമ്പ്രദായം ഉടൻ നിർത്തണമെന്ന് സുപ്രീംകോടതി. ജയിലുകളിലെ ജോലിയെ ജാതിയുടെ അടിസ്ഥാനത്തിൽ വീതംവച്ചു നൽകുന്നതു ഭരണഘടനാവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു.
തൂപ്പുജോലി തുടങ്ങിയവ പിന്നാക്കക്കാർക്കും പാചകം പോലുള്ളവ ഉയർന്നജാതിക്കാർക്കും നൽകുന്ന രീതി അവസാനിപ്പിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദേശം നൽകി.
ഏതെങ്കിലുമൊരു തൊഴിലിനെ നിന്ദ്യമായി കാണുന്നത് തൊട്ടുകൂടായ്മയുടെ ഭാഗമാണെന്നു ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തക സുകന്യ ശാന്ത എഴുതിയ ലേഖനം അടിസ്ഥാനമാക്കി അവർ തന്നെ നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചാണു സുപ്രധാനവിധി.
