അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന്റെ വിജയത്തിൽ പല രാജ്യങ്ങളും ആശങ്കയിലാണെങ്കിലും, എന്നാൽ അതൊരിക്കലും ഇന്ത്യയെ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന വിഷയമല്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ” പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി വാഷിംഗ്ടണിൽ എത്തുന്ന സമയത്ത് ബരാക് ഒബാമയായിരുന്നു പ്രസിഡന്റ്. പിന്നീട് അത് ഡോണൾഡ് ട്രംപായി. അതിന് ശേഷം ജോ ബൈഡൻ ആ സ്ഥാനത്തെത്തി. ഇവർ എല്ലാവരുമായും പ്രധാനമന്ത്രി നല്ലൊരു ബന്ധമാണ് സ്ഥാപിച്ചിട്ടുള്ളത്. ഇന്ന് പല രാജ്യങ്ങളും അമേരിക്കയുടെ പ്രസിഡന്റായി ഡോണൾഡ് ട്രംപ് എത്തുന്നതിൽ ആശങ്കയുള്ളവരാണെന്ന് എനിക്കറിയാം. എന്നാൽ ഇന്ത്യ ഒരിക്കലും ആ കൂട്ടത്തിലില്ല. ഇന്ത്യയെ അതൊരിക്കലും പ്രതികൂലമായി ബാധിക്കുന്ന കാര്യമല്ലെന്നും” ജയശങ്കർ വ്യക്തമാക്കി.
പല യുഎസ് പ്രസിഡന്റുമാരുമായും പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും. തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമലാ ഹാരിസിനെ പരാജയപ്പെടുത്തിയ പ്രഖ്യാപനം പുറത്ത് വന്നതിന് പിന്നാലെ ഡോണൾഡ് ട്രംപിനെ അഭിനന്ദനം അറിയിച്ച ആദ്യ മൂന്ന് ലോക നേതാക്കളിൽ ഒരാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും ജയശങ്കർ പറഞ്ഞു.
