കാസർഗോട്ട് ഓട്ടോ ഡ്രൈവർ അബ്ദുൾ സത്താർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണ വിധേയനായ എസ്ഐ അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്ത്. ഓട്ടോ ഡ്രൈവറായ നൗഷാദിനെ അനൂപ് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
വീഡിയോ പുറത്തു വന്നതിന് പിന്നാലെ അനൂപിനെ സസ്പെൻ്റ് ചെയ്തു. അബ്ദുൾ സത്താറിൻറെ ആത്മഹത്യക്ക് കാരണക്കാരനാണ് ഇയാളെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ എസ്ഐ അനൂപിനെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. അതിന് ശേഷമാണ് കഴിഞ്ഞ ജൂണിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
യാത്രക്കാരൻ നൽകിയ പരാതിയിൽ ഓട്ടോ ഡ്രൈവറെ ബലം പ്രയോഗിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. യാത്രക്കാരൻ നൽകിയ പരാതിയിൽ സ്റ്റേഷനിൽ എത്തി ഉദ്യോഗസ്ഥരെ കണ്ടു എന്നും അതിന് ശേഷം തന്റെ ഫോൺ എടുക്കാനായി സ്റ്റേഷന് പുറത്ത് നിർത്തിയിട്ട ഓട്ടോ റിക്ഷയുടേ അകത്തേക്ക് കയറിയപ്പോൾ അനൂപ് തന്നെ മർദിച്ചതായും നൗഷാദ് പരാതിയിൽ പറയുന്നു.
