വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് പഞ്ചായത്ത് വഴി വിതരണം ചെയ്ത സാധനങ്ങളിൽ പുഴുവരിച്ച അരിയും ഉപയോഗിക്കാന്‍ പറ്റാത്ത വസ്ത്രങ്ങളുമെന്ന് പരാതി. പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി എല്‍ഡിഎഫ് രംഗത്തെത്തി.
എന്നാല്‍ സംഭവിച്ചത് ബോധപൂര്‍മായ വീഴ്ചയല്ലെന്നാണ് യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിന്റെ വിശദീകരണം. പുഴുവരിച്ച നിലയില്‍ കാണപ്പെട്ട അരി റവന്യൂ വകുപ്പ് വിതരണം ചെയ്തതോ അതോ സ്‌പോണ്‍സര്‍മാര്‍ എത്തിച്ച അരിയോ എന്ന് ഉറപ്പില്ലെന്നും ഇത് പരിശോധിക്കുമെന്നും മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ദുരന്തബാധിതരെ പുനരധിവസിപ്പിച്ച ഇടത്ത് വിതരണം ചെയ്ത റവയിലാകെ വിവിധ പ്രാണികള്‍ വീണുകിടക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ പഞ്ചായത്തിന് തെറ്റുപറ്റിയിട്ടില്ലെന്നും പുഴുവരിച്ച അരിയും സാധനങ്ങളും വിതരണം ചെയ്തത് റവന്യൂ വകുപ്പാണെന്നും ടി സിദ്ധിഖ് എംഎല്‍എ പറഞ്ഞു.
