News

സ്ത്രീധന പീഡനത്തെ ചൊല്ലി കോളജ് അധ്യാപിക ജീവനൊടുക്കിയ സംഭവം; ഭർതൃമാതാവ് വിഷം കഴിച്ചു

സ്ത്രീധന പീഡനത്തെ ചൊല്ലി കോളജ് അധ്യാപിക ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ ഭർതൃമാതാവ് വിഷം കഴിച്ചു. കൊല്ലം പിറവന്തൂര്‍ സ്വദേശിയായ ശ്രുതിയാണ് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ആറുമാസം മുന്‍പായിരുന്നു വിവാഹം. സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍തൃമാതാവ് വഴക്കുണ്ടാക്കാറുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ, ശ്രുതിയുടെ ഭര്‍തൃമാതാവ് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. ഇവരെ കന്യാകുമാരി ആശാരിപള്ളം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആറുമാസം മുൻപാണ് തമിഴ്‌നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിക്കുമായുള്ള ശ്രുതിയുടെ വിവാഹം നടന്നത്. പത്ത് ലക്ഷം രൂപയും 50 പവൻ സ്വർണവും സ്ത്രീധനമായി നൽകിയാണ് ശ്രുതിയുടെ വിവാഹം നടത്തിയത്. എന്നാൽ ഇത് കുറവാണെന്ന് പറഞ്ഞ് അമ്മായിഅമ്മ നിരന്തരം പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി ആരോപിക്കുന്നു.

ഞാനും ഭര്‍ത്താവും തമ്മില്‍ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ഇവര്‍ കാരണമാണ് എല്ലാം. ഭർത്താവിന്റെ അടുത്തിരിക്കാൻ അനുവദിക്കില്ലെന്നും ശ്രുതി പറയുന്നു. അമ്മായിഅമ്മ തന്നോട് വീട്ടിൽ തിരികെ പോകാൻ പറഞ്ഞ് നിരന്തരം തർക്കിച്ചിരുന്നതായും പെൺകുട്ടി ആരോപിക്കുന്നു. മരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന വാക്കുകളോടെയാണ് മരണത്തിനു മുൻപ് ശ്രുതി മാതാപിതാക്കൾക്ക് അയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നത്.

Most Popular

To Top