ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍ 2025 ലോക്‌സഭയില്‍ ഈ സമ്മേളനകാലത്ത് അവതരിപ്പിക്കും. മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്കെതിരെ കർശന നടപടിയുണ്ടാവും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആകും ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്സ് ബില്‍ – 2025, അവതരിപ്പിക്കുക. പുതിയ ബില്‍ പ്രകാരം പാസ്‌പോര്‍ട്ടോ വിസയോ കൂടാതെ ഇന്ത്യയില്‍ പ്രവേശിക്കുന്ന വിദേശികള്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു.
ഫോറിനേഴ്‌സ് ആക്ട് 1946, പാസ്‌പോര്‍ട്ട് ആക്ട് 1920, രജിസ്‌ട്രേഷന്‍ ഓഫ് ഫോറിനേഴ്‌സ് ആക്ട് 1939, ഇമിഗ്രേഷന്‍ ആക്ട് 2000 എന്നിവയ്ക്ക് പകരമായാണ് പുതിയ ബില്ല്. നിലവില്‍ ഇന്ത്യയില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി പ്രവേശിച്ചാല്‍ 50,000 രൂപ പിഴയും എട്ടുവര്‍ഷം വരെ തടവുമാണ് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ശിക്ഷ. രാജ്യത്ത് വിദേശികളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകള്‍, വിദേശികള്‍ പതിവായി സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലുള്ള സിവില്‍ അധികൃതരുടെ അധികാര പരിധി, കുറ്റകൃത്യങ്ങളുടെ ഘടന, നിയമ ലംഘനത്തിനുള്ള ശിക്ഷ എന്നിവ ബില്ലില്‍ വ്യവസ്ഥ ചെയ്യും.
