News

നവീൻ ബാബുവിൻ്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

കേസ് ഡയറി പരിശോധിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷമായിരിക്കും ഹൈക്കോടതി സിബിഐ അന്വേഷണ ആവശ്യത്തില്‍ വിശദമായ വാദം കേള്‍ക്കുക. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും കേസ് ഡയറിയും പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയ്ക്ക് കൈമാറും. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണിത്.

മതിയായ തെളിവ് വേണമെന്നായിരുന്നു കുടുംബത്തിൻ്റെ അഭിഭാഷകനോട് ഹൈക്കോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയത്. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടാന്‍ കോടതിക്ക് വ്യക്തമായ തെളിവ് വേണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. കോടതി പറഞ്ഞാല്‍ നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാമെന്നാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്.

Most Popular

To Top