മലയാള ചലച്ചിത്രമേഖലയിൽ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരയായതിനെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച പ്രത്യേക സംഘത്തിനെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സ്‌പർജൻ കുമാറിന് നേതൃത്വം നൽകിയതിന് എതിരെയാണ് പ്രതിപക്ഷ നേതാവ് രംഗത്തു എത്തിയത്. ഹേമ കമ്മറ്റി റിപ്പോർട്ട് പ്രകാരം അന്വേഷിക്കാനല്ല സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. വേട്ടക്കാരെ സംരക്ഷിക്കാനുള്ള നിരന്തര ശ്രമം സർക്കാർ നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ഒരു ബന്ധവുമില്ലാത്ത അന്വേഷണമാണ് സർക്കാർ പ്രഖ്യാപിച്ചത്. റിപ്പോർട്ടിനെ കുറിച്ച് അന്വേഷിക്കില്ലെന്ന നിലപാടാണ് സർക്കാരിന്. ഇരകളെ അപമാനിക്കുന്ന സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അന്വേഷണ സംഘത്തിൽ എന്തിനാണ് പുരുഷ ഉദ്യോഗസ്ഥർ, നിയമത്തിനു മുന്നിൽ വരേണ്ടവരെ സർക്കാർ തന്നെ സംരക്ഷിക്കുന്ന സ്ഥിതിയാണുള്ളത് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
അന്വേഷണത്തിന് വനിതാ ഐപിഎസ് ഉദ്യോഗസ്ഥർ വേണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഗുരുതര ആരോപണം നേരിടുന്നവർ സ്ഥാനങ്ങളിൽ നിന്ന് മാറണം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേജുകൾ ഓരോ ദിവസവും കുറഞ്ഞു വരികയാണ്. അന്വേഷണം നടത്തി തെറ്റുകാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
