എഡിഎം നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂരില്‍ നിന്നും സ്ഥലം മാറ്റം ലഭിച്ച് പത്തനംതിട്ടയിലേക്ക് പോകാനിരുന്ന നവീൻ ബാബുവിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അതീവ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ പിന്നാലെ ആണ് മരണം. മാനസിക വിഷമത്തിൽ ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം.
കണ്ണൂരില്‍ നിന്നും സ്വന്തം നാട് കൂടിയായ പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫർ ലഭിച്ച നവീന്‍ ബാബു ഇന്ന് പുലർച്ചെ ചെങ്ങന്നൂരില്‍ എത്തേണ്ടതായിരുന്നു. അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകാനായി ചെങ്ങന്നൂർ റെയില്‍ വേ സ്റ്റേഷനില്‍ ബന്ധുക്കള്‍ കാത്ത് നില്‍ക്കുന്നുമുണ്ടായിരുന്നു. ട്രെയിന്‍ എത്തിയിട്ടും നവീന് ബാബു ഇറങ്ങാത്തതിനെ തുടർന്ന് ബന്ധുക്കള്‍ അദ്ദേഹത്തിന്റെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വിവരമൊന്നും ലഭിച്ചില്ല. അതിനുപിന്നാലെ ബന്ധുക്കള്‍ കണ്ണൂരില്‍ വിവരം അറിയിച്ചതിനെ തുടർന്ന് താമസ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് നവീന്‍ ബാബുവിനെ ക്വാർട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ രൂക്ഷ വിമർശനമായിരുന്നു യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കപ്പെടാതെ എത്തിയ ദിവ്യ നടത്തിയത്. എന്‍ ഒ സി നല്‍കാന്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തി. ഇതിന്റെയെല്ലാം തെളിവ് തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്ത് വിടുമെന്നും കളക്ടർ കൂടി പങ്കെടുത്ത പരിപാടിയില്‍ വെച്ച് പി പി ദിവ്യ പറഞ്ഞിരുന്നു .
