ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട് എത്തും. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തിൽ മണ്ഡലത്തിൽ ആവേശം വിതയ്ക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ വരവ്. രണ്ടു ദിവസം നീളുന്ന പ്രചാരണത്തിൽ മുഖ്യമന്ത്രി ആറ് പൊതുയോഗങ്ങളിൽ സംസാരിക്കും. പാലക്കാട് നഗരസഭാ പരിധിയിലെ മേൽപ്പറമ്പിലാണ് ഇന്ന് മുഖ്യമന്ത്രിയുടെ ആദ്യ പൊതുയോഗം. ഉച്ചയ്ക്കുശേഷം മാത്തൂർ, പിരായിരി പഞ്ചായത്തുകളിലെ പൊതുയോഗങ്ങളിലും മുഖ്യമന്ത്രി സംസാരിക്കും.
മുഖ്യമന്ത്രി എത്തുന്നതോടെ പ്രവർത്തകർ ആവേശത്തിൽ ആകുമെന്ന് നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയെത്തുന്നതോടെ എൻ.ഡി.എ, യുഡിഎഫ് മുന്നണികൾക്കെതിരായ രാഷ്ട്രീയ ആക്രമണം കടുപ്പിക്കാനും എൽഡിഎഫ് ലക്ഷ്യമിടുന്നുണ്ട്.
