ആത്മകഥ വിവാദത്തിന് പിന്നില്‍ ആസൂത്രിതമായ ഗൂഢാലോചനയുണ്ടെന്ന് ഇ പി ജയരാജന്‍. തെരഞ്ഞെടുപ്പ് ദിവസമാണ് ഈ വാര്‍ത്ത പുറത്ത് വരുന്നത്. ആദ്യം വന്നത് ടൈംസ് ഓഫ് ഇന്ത്യയിലാണ്. ടൈംസ് ഓഫ് ഇന്ത്യയില്‍ ഇത്തരമൊരു വാര്‍ത്ത ലളിതമായി വരുമോ എന്ന് ഇ പി ചോദിക്കുന്നു.
ഒരു വരി പോലും പ്രസിദ്ധീകരണത്തിനായി ആര്‍ക്കും നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു അടിസ്ഥാനവുമില്ലാത്ത ഒരു വാര്‍ത്ത എല്ലാ മാധ്യമങ്ങളിലും പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് അകത്തും പുറത്തും തന്നെ ദുര്‍ബലപ്പെടുത്തുകയാണ് ലക്ഷ്യം. വ്യക്തമായ സൂചന കിട്ടിയാല്‍ ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരെന്ന് പുറത്തു പറയാം – ഇ പി ജയരാജന്‍ വ്യക്തമാക്കി.
ജാവഡേത്കറുമായി ബന്ധപ്പെട്ട വാര്‍ത്ത വന്നതും ഇത്തരത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുസ്തകം പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതിക്കായി ഡി സി ബുക്‌സ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പുസ്തകം പൂര്‍ത്തിയായിട്ടില്ലെന്നും പൂര്‍ത്തിയായാല്‍ എന്തുവേണം എന്ന് ആലോചിക്കാം എന്ന് പറയുകയും ചെയ്തു. മാതൃഭൂമിയും ഇതുമായി ബന്ധപ്പെട്ട് സമീപിച്ചു. ഇതേ മറുപടി അവരോടും പറഞ്ഞു. അങ്ങനെയുള്ളപ്പോള്‍ എന്തടിസ്ഥാനത്തിലാണ് ഇല്ലാത്ത കാര്യങ്ങള്‍ എഴുതിച്ചേര്‍ത്ത് തെരഞ്ഞെടുപ്പ് ദിവസം വിവാദമുണ്ടാക്കിയത്. ആസൂത്രിതമായ പദ്ധതിയാണിത് എന്നും അദ്ദേഹം ആരോപിച്ചു.
