എളങ്കൂരിലെ ഭർത്യവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് പ്രഭിന് സസ്പെൻഷൻ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സായ പ്രഭിനെ ആരോഗ്യ വകുപ്പാണ് സസ്പെൻസ് ചെയ്തത്. കോടതി റിമാൻ്റ് ചെയ്ത പ്രഭിൻ ഇപ്പോൾ ജയിലിലാണ്. ആത്മഹത്യ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് പ്രഭിനെതിരെ ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞ മാസം 30ന് ആണ് വിഷ്ണുജയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബെഡ്റൂമിന്റെ ജനലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. രണ്ട് കൈയ്യിൽ നിന്നും രക്‌തം വാർന്ന നിലയിലായിരുന്നു. വിഷ്‌ണുജയുടെ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. സൗന്ദര്യം കുറവാണെന്ന് പറഞ്ഞു പ്രബിൻ നിരന്തരം വിഷ്‌ണുജയെ ആക്ഷേപിച്ചിരുന്നെന്ന് കുടുംബം പറയുന്നു. വിവാഹം കഴിഞ്ഞു ഒന്നരവർഷമായിട്ടും ഒപ്പം വാഹനത്തിൽ കൊണ്ടുപോകാനോ വിഷ്‌ണുജയുടെ വീട്ടിലേക്ക് വരാനോ പ്രബിൻ തയ്യാറായിരുന്നില്ല. ഒപ്പം കൊണ്ടുനടക്കാനുള്ള സൗന്ദര്യം ഇല്ലെന്നാണ് പ്രബിൻ പറഞ്ഞിരുന്നതെന്നും ബന്ധുക്കൾ പറഞ്ഞു. സ്‌ത്രീധനം കുറഞ്ഞുപോയെന്നും ആക്ഷേപിച്ചിരുന്നു. മാനസികമായി വിഷ്‌ണുജ വളരെയധികം പീഡനം നേരിട്ടിരുന്നു. 2023 മേയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം.