മഹാരാഷ്‌ട്ര മുഖ്യമന്ത്രി പദവിയെച്ചൊല്ലിയുള്ള മഹായുതി സഖ്യത്തിലെ അസ്വാരസ്യം തുടരുന്നു. സസ്‌പെൻസ് തുടരുന്നതിനിടെ മഹായുതി സഖ്യ നേതാക്കളുടെ നിർണായക യോഗം ഇന്ന്. മഹായുതി സഖ്യത്തിൻ്റെ മൂന്ന് മുൻനിര നേതാക്കളായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ്, ശിവസേനയുടെ ഏകനാഥ് ഷിൻഡെ, എൻസിപിയുടെ അജിത് പവാർ എന്നിവർ വ്യാഴാഴ്ച ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണും.
ഫലം വന്ന് അഞ്ച് ദിവസങ്ങൾ പിന്നിട്ടിട്ടും, ആരാണ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുക എന്നതിനെച്ചൊല്ലിയുള്ള അനിശ്ചിതത്വം പരിഹരിക്കാൻ സഖ്യകക്ഷികൾക്ക് കഴിഞ്ഞില്ല. എന്നിരുന്നാലും, ബിജെപി ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയതിനാൽ ഫഡ്‌നാവിസ് അധികാരം ഏറ്റെടുക്കുമെന്ന് പരക്കെ ഊഹിക്കപ്പെടുന്നു.
നവംബർ 23 ന്, മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 288 നിയമസഭാ സീറ്റുകളിൽ 230 സീറ്റുകൾ മഹായുതി തൂത്തുവാരിയിരുന്നു. ബിജെപി 132 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നു. പാർട്ടിയുടെ എക്കാലത്തെയും ഉയർന്ന നേട്ടമാണിത്. ശിവസേനയും എൻസിപിയും യഥാക്രമം 57 ഉം 41 ഉം നേടി. നവംബർ 30-നോ ഡിസംബർ ഒന്നിനോ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമെന്ന് അജിത് പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പുതിയ സർക്കാരിൽ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
