News

സവർക്കർക്കെതിരെ ആക്ഷേപകരമായ പരാമർശം; പൂണെയിലെ പ്രത്യേക കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചു

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തി എന്ന കേസില്‍ രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് പുണെ പ്രത്യേക കോടതി. ഈ മാസം 23ന് ഹാജരാകണമെന്നാണ് സമന്‍സ്. 2023 മാര്‍ച്ച് അഞ്ചിന് രാഹുല്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ടാണ് പരാതി നല്‍കിയത്.

പരാമര്‍ശത്തിന് എതിരെ സവര്‍ക്കറിന്റെ കൊച്ചുമകന്‍ സത്യകി സവര്‍ക്കര്‍ ആണ് കോടതിയെ സമീപിച്ചത്. സവര്‍ക്കറുടെ പേരിന് കളങ്കം വരുത്തുകയും കുടുംബത്തെ മാനസികമായി ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന തെറ്റായ ആരോപണങ്ങള്‍ രാഹുല്‍ഗാന്ധി മനപ്പൂര്‍വം ഉന്നയിച്ചു എന്നായിരുന്നു പരാതി.

കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 500 (മാനനഷ്ടം) പ്രകാരം രാഹുല്‍ ഗാന്ധിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിരുന്നു. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയില്‍ നിന്ന് കേസ് എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കുമുള്ള പ്രത്യേക കോടതിയിലേക്ക് കഴിഞ്ഞ മാസം മാറ്റിയിരുന്നു. ജോയിന്റ് സിവില്‍ ജഡ്ജിയും ജുഡീഷ്യല്‍ മജിസ്ട്രേറ്റുമായ അമോല്‍ ഷിന്‍ഡെ അധ്യക്ഷനായ പ്രത്യേക കോടതിയാണ് സമന്‍സ് അയച്ചത്.

Most Popular

To Top