News

വയനാട് പുനരധിവാസം വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ, പദ്ധതിക്ക് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകും

വയനാട് മുണ്ടക്കൈ – ചൂരൽമല പുനരധിവാസം വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ. പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകും. പദ്ധതിയുടെ നിർമ്മാണ ചുമതല കിഫ്ബിക്ക് കൈമാറാനാണ് സാധ്യത. പുനരധിവാസത്തിനായി നേരത്തെ ഏറ്റെടുത്ത ഭൂമി ടൗൺഷിപ്പ് നിർമ്മിക്കാൻ സർക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എസ്റ്റേറ്റ് ഉടമകളുടെ ഹർജി തള്ളികൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന വിധി. എസ്റ്റേറ്റ് ഭൂമികൾക്ക് നഷ്ടപരിഹാരം നൽകികൊണ്ട് ഏറ്റെടുക്കാമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പുനരധിവാസ സഹായം വാഗ്ദാനം ചെയ്തവരുമായും മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും. രാവിലെ 12ന് സെക്രട്ടറിയേറ്റിലാണ് കൂടിക്കാഴ്ച്ച. പുനരധിവാസ പദ്ധതിയുടെ വിശദാംശങ്ങൾ മുഖ്യമന്ത്രി സ്പോൺസർമാരെ അറിയിക്കും.  പ്രതിപക്ഷവും, കർണാടക സർക്കാരും ഉൾപ്പെടെ സഹായം വാഗ്ദാനം ചെയ്ത എല്ലാവരെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. നൂറ് വീടുകൾ വാ​ഗ്ദാനം ചെയ്ത കർണാടക സർക്കാരിൻ്റെ പ്രതിനിധിയും യോ​ഗത്തിൽ പങ്കെടുക്കും. രാഹുൽ ഗാന്ധിയുടെ പ്രതിനിധിയും കൂടിക്കാഴ്ചയ്ക്ക് എത്തും. പ്രതിപക്ഷനേതാവ് വിഡി സതീശനും പികെ കുഞ്ഞാലിക്കുട്ടിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.  ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ അംഗീകരിച്ചതോടെ തുടർ സഹായ സാധ്യതകൾ തേടാനും സർക്കാർ തീരുമാനിച്ചു. ഒരു വീട് വാഗ്ദാനം ചെയ്തവരെയും ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ  50 വീടുകളിൽ കൂടുതൽ നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്തവരെയാണ് ആദ്യഘട്ടത്തിൽ കാണുന്നത്.

Most Popular

To Top