News

എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷാ ചോദ്യപേപ്പര്‍ ചോർച്ച; വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം

എസ്.എസ്.എൽ.സി, പ്ലസ് വൺ പരീക്ഷാ ചോദ്യപേപ്പര്‍ ചോർച്ചയിൽ വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. എസ്.എസ്.എൽ.സി. ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങൾ ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ പരാതിയിൽ സംസ്ഥാന പൊലീസ് മേധാവിയാണ് ഉത്തരവിറക്കിയത്.

ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. പൊലീസ് അന്വേഷണത്തിന് പുറമെ ചോദ്യ പേപ്പർ അച്ചടിച്ചതിലും വിതരണത്തിലുമടക്കം വീഴ്ചയുണ്ടായോ എന്ന് വിദ്യാഭ്യാസ വകുപ്പും പരിശോധിക്കും. ചോദ്യപേപ്പർ ചോർച്ചയിൽ ആരോപണം നേരിടുന്ന എം എസ് സൊല്യൂഷൻ യൂട്യൂബ് ചാനൽ താത്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചു.

ചോദ്യ പേപ്പർ ചോർന്ന വിഷയത്തിൽ മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതലയോഗം ചേരും. യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

Most Popular

To Top