ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ ഗുജറാത്ത് അഞ്ചംഗ സമിതിയെ നിയോഗിച്ചു. ബില്‍ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനാണ് സമിതിയെ നിയോഗിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. 45 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. തുല്യാവകാശം എല്ലാവര്‍ക്കും ഉറപ്പുവരുത്താന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ പറഞ്ഞു.
അഞ്ചംഗ സമിതിയുടെ നേതൃസ്ഥാനത്തേക്ക് വിരമിച്ച സുപ്രിംകോടതി ജഡ്ജി രഞ്ജന ദേശായിയെ സര്‍ക്കാര്‍ നിയോഗിച്ചു. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ സിഎല്‍ മീണ, അഡ്വ. ആര്‍സി കൊഡേകര്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ ദക്ഷേശ് ഥാക്കര്‍, സാമൂഹിക പ്രവര്‍ത്തക ഗീത ഷറോഫ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ഇവിടെ ഏക സിവിൽ കോഡ് നടപ്പാക്കും എന്നത് 2022ലെ ബിജെപി പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, അനന്തരാവകാശം എന്നിവയ്ക്ക് എല്ലാ മതങ്ങളിലും ഏകീകൃത നിയമങ്ങള്‍ നടപ്പാക്കുകയാണ് ഏകീകൃത സിവില്‍ കോഡ് കൊണ്ട് ഉദ്ദേശിക്കുന്നത്.
