News

‘കപ്പലപകടങ്ങൾ ആശങ്കയുണ്ടാക്കുന്നു, സുരക്ഷാഭീഷണി ഉണ്ടായാൽ കേന്ദ്രം ഇടപെടും’; സുരേഷ് ഗോപി

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന കപ്പലപകടങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. മത്സ്യത്തൊഴിലാളികളെ അടക്കം ബാധിക്കുന്ന വിഷയമാണിത്. നിയമനടപടി വേണമോ എന്ന് സംസ്ഥാനം തീരുമാനിക്കട്ടെ. സുരക്ഷയുമായി ബന്ധപ്പെട്ട വിഷയം ഉണ്ടെങ്കിൽ കേന്ദ്രം തീർച്ചയായും ഇടപെടുമെന്ന് സുരേഷ് ഗോപി പറഞ്ഞു.

കേരളത്തിലെ എയിംസുമായി ബന്ധപ്പെട്ട ചോദ്യത്തിന്, എയിംസിനുവേണ്ടി ഒരേയൊരു ഓപ്ഷനേ സംസ്ഥാനം കേന്ദ്രത്തിന് നൽകിയിട്ടുള്ളൂ എന്ന് സുരേഷ് ഗോപി പറഞ്ഞു. മൂന്ന് ഓപ്ഷനുകളാണ് നൽകേണ്ടത്. എന്നാൽ, ആ ഒരു ഓപ്ഷനുവേണ്ടി ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിലുള്ള മറ്റു കാര്യങ്ങൾ അന്വേഷിക്കൂ എന്നും സുരേഷ് ഗോപിയുടെ മറുപടിയായി പറഞ്ഞു.

തന്റെ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് കേരളത്തിൽ എയിംസ് എന്ന പദ്ധതി പ്രഖ്യാപിച്ച്, അത് വരേണ്ട സ്ഥലത്ത്, എന്ത് തർക്കമുണ്ടെങ്കിലും അതിന്റെ തറക്കല്ല് പാകിയിട്ടേ അടുത്ത തിരഞ്ഞെടുപ്പിൽ താൻ വോട്ട് ചോദിക്കാൻ വരൂ എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ ലോകം മുഴുവൻ പ്രധാനമന്ത്രിയെ പ്രകീർത്തിക്കുകയാണെന്നും അതിനാൽ ശശി തരൂരിന് പുകഴ്ത്താമെന്നും സുരേഷ് ഗോപി പറഞ്ഞു. തരൂരിന്റെ നിലപാടിൽ സംഘ ചായ്വുണ്ടെങ്കിൽ അതിൽ വ്യക്തതവരുത്തേണ്ടത് അദ്ദേഹംതന്നെ ആണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

2019-ൽ താൻ മെട്രോ നീട്ടുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ എല്ലാവരും അവഹേളിച്ചെന്നും എന്നാൽ ഇപ്പോൾ അത് യാഥാർത്ഥ്യത്തോട് അടുക്കാനുള്ള സാഹചര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

2019-ൽ മെട്രോയെക്കുറിച്ച് പറഞ്ഞപ്പോൾ എല്ലാവരും അവഹേളിച്ചതാണ്. അത് വാഗ്ദാനമേ അല്ലായിരുന്നു. കോയമ്പത്തൂർ വരെ, അല്ലെങ്കിൽ പാലക്കാട്, പാലിയേക്കര, അല്ലെങ്കിൽ ചാലക്കുടി, നെടുമ്പാശ്ശേരി… എന്ന് പറയുന്നത് സ്വപ്നമാണ്. ഒരു സ്വപ്നമായിട്ടാണ് അന്ന് അത്അവതരിപ്പിക്കാൻ കഴിഞ്ഞത്. 2024-ൽ ലോക്സഭാതിരഞ്ഞെടുപ്പ് നേരിട്ടപ്പോൾ വീണ്ടും അത് ഉന്നയിച്ചു. ഇപ്പോഴും ആ സ്വപ്നം സ്വപ്നമായി നിലനിൽക്കുന്നു. പക്ഷെ, യാഥാർത്ഥ്യത്തോട് അടുക്കാനുള്ള സാഹചര്യം ഉണ്ട്. 2019-ൽ ഇക്കാര്യം പറഞ്ഞപ്പോൾ അപക്വമായ പ്രത്യാരോപണങ്ങളായിരുന്നു ഉണ്ടായത്. കൊച്ചി മെട്രോ എന്ന് പറയുന്നത് കൊച്ചിക്കകത്ത് ഒതുങ്ങിനിൽക്കുന്ന ഒന്നാണെന്നായിരുന്നു പ്രതികരണങ്ങൾ.

ഭവന, നഗരകാര്യ, ഊർജ്ജ മന്ത്രാലയ വകുപ്പ് മന്ത്രി മനോഹർ ലാലുമായി മെട്രോ കാര്യം ചർച്ചചെയ്തപ്പോൾ അദ്ദേഹം പറഞ്ഞത്, കേരളത്തിൽ ആർആർടിഎസ് (റാപ്പിഡ് റെയിൽ ട്രാൻസ്ഫർ സിസ്റ്റം) പദ്ധതിയാണ് യോജിച്ചത് എന്നായിരുന്നു. നെടുമ്പാശ്ശേരി വരെ മെട്രോ വരുമെന്ന് ഉറപ്പായിരുന്നു. അത് അങ്കമാലി വരെ കൊണ്ടുവന്നതിന് ശേഷം അങ്കമാലിയിൽനിന്ന് ക്രോസ് കട്ട് ചെയ്ത് കൊടുങ്ങല്ലൂരിന്റെ വടക്കുഭാഗം ചേർന്ന്, നാട്ടിക, തൃപ്രയാർ, ചേറ്റുവ വഴി ഗുരുവായൂർ, പൊന്നാനി, തിരൂർ ചെന്നു കഴിഞ്ഞാൽ ഈ പ്രദേശത്തുള്ളവർക്കെല്ലാം റെയിൽ എക്സിപീരിയൻസ് കിട്ടും. മെട്രോയേക്കാൾ വേഗത്തിൽ യാത്ര സാധ്യമാകും- സുരേഷ് ഗോപി പറഞ്ഞു.

Most Popular

To Top