പാറശ്ശാല ഷാരോണ്‍ വധകേസിൽ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിച്ച പ്രതി ഗ്രീഷ്മ ഹൈക്കോടതിയിലേയ്ക്ക്. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ ഹൈക്കോടതിയിൽ ഹർജി നൽകും. കേസിൽ ഇന്നോ നാളെയോ ഗ്രീഷ്മ അപ്പീൽ നൽകുമെന്നാണ് വിവരം.
മെറിറ്റ് നോക്കിയല്ല വിധിയെന്നും പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന വിധിയാണ് സെഷൻസ് കോടതി നടത്തിയതെന്നും ചൂണ്ടികാട്ടിയാണ് അപ്പീൽ നൽകുന്നത്. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് അല്ലായിതെന്നും പ്രായത്തിൻ്റെ ആനുകൂല്യം ഗ്രീഷ്മക്ക് നൽകണമെന്ന് ഹൈക്കോടതിയെ അറിയിക്കുമെന്നും പ്രതിഭാഗം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചത്. 2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.
