നടൻ മുകേഷിനെതിരായ ലൈംഗിക പീഡന കേസിൽ വടക്കാഞ്ചേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തൃശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഇതിനൊപ്പം ഹെയർ സ്റ്റൈലിസ്റ്റിന്റെ പരാതിയിൽ പൊൻകുന്നത്തും കൊച്ചി ഇൻഫോ പാർക്കിലും രജിസ്റ്റർ ചെയ്‌ത കേസിലും പൊലീസ് കുറ്റപത്രം നൽകി. 2011ൽ സിനിമാ ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വച്ച് ലൈംഗികാതിക്രമം കാട്ടി എന്നായിരുന്നു പരാതി. നടിയുടെ പരാതിയിലാണ് മുകേഷിനെതിരെ കേസ് എടുത്തത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച സ്‌പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം (എസ്‌ഐടി) ഇതുവരെ ഏഴ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. മുകേഷിനെ കൂടാതെ മണിയൻപിള്ള രാജു, അഡ്വ ചന്ദ്രശേഖർ ഉൾപ്പെടെയുള്ള ഏഴുപേർക്കെതിരെയാണ് ആലുവ സ്വദേശിനി പീഡന പരാതി നൽകിയത്.
