സബ്ജില്ലാ സ്‌കൂള്‍ കലോത്സവങ്ങള്‍ നടക്കുന്ന സമയമാണ്. കലാപ്രകടനങ്ങള്‍ക്കിടെ ചിലപ്പോള്‍ മത്സരാര്‍ഥികള്‍ക്ക് ചെറിയ പരിക്കുകള്‍ പറ്റുകയോ, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയോ ചെയ്യാറുണ്ട്. ഇപ്പോൾ സ്‌കൂള്‍ കലോത്സവത്തില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച വഞ്ചിപ്പാട്ടിന്റെ ഒരു വീഡിയോ വൈറലാവുകയാണ്.
വഞ്ചിപ്പാട്ട് പാടിക്കൊണ്ടിരുന്ന മത്സരാര്‍ഥികളില്‍ ഒരാളായ പെണ്‍കുട്ടിയുടെ കയ്യിലെ കുപ്പിവള പൊട്ടി കൈമുറിഞ്ഞ് ചോര തെറിക്കുന്നത് വീഡിയോയില്‍ കാണാം. കുട്ടി ധരിച്ച സാരിയിലുടനീളം ഇത് തെറിച്ചിട്ടുണ്ട്. മത്സരത്തോടുള്ള ആത്മാര്‍ഥത, കലാപ്രതിഭയെന്ന് അക്ഷരം തെറ്റാതെ വിളിക്കാം തുടങ്ങിയ വിശേഷണങ്ങളോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്. മത്സരം തുടരാന്‍ പാടില്ലായിരുന്നുവെന്നും അധികൃതര്‍ തടയേണ്ടതാണെന്നും ഈ രീതിയില്‍ മത്സരിക്കുന്നത് ബുദ്ധിമോശമാണെന്നും കാഴ്ചക്കാര്‍ അഭിപ്രായപ്പെട്ടു.
