ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ മുതിർന്ന കോൺഗ്രസ് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ എ.കെ. ആന്റണിയെ സന്ദർശിച്ചു. തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയിലാണ് സന്ദർശിച്ചത്.
ആന്റണിയുടെ അനുഗ്രഹവും ഉപദേശങ്ങളും മുന്നോട്ടുള്ള പ്രയാണത്തില്‍ പ്രധാനമാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ബി.ജെ.പിയെന്ന സ്വേച്ഛാധിപത്യ സംവിധാനത്തില്‍ നിന്നും പുറത്ത് വന്ന് കോണ്‍ഗ്രസെന്ന ജനാധിപത്യ-മതേതര സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷം ഭിന്നിപ്പിന്റെ രാഷ്ട്രീയവുമായി ബി.ജെ.പി രാജ്യം ഭരിച്ചപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്ന സുരക്ഷാ മതിലായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചത്. ആ പ്രസ്ഥാനത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് പൊതുജീവിതത്തിലെ വലിയ സൗഭാഗ്യമായി കാണുന്നതായും സന്ദീപ് വാര്യര്‍ വ്യക്തമാക്കി. ഇന്നലെ കെ.പി.സി.സി ആസ്ഥാനത്ത് സന്ദീപ് വാര്യര്‍ക്ക് സ്വീകരണം നല്‍കിയിരുന്നു.
