ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍.പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിക്കുകയായിരുന്നു. തുടര്‍ന്നു പുതിയ ശബരിമല മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി, മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരി എന്നിവരെ പതിനെട്ടാംപടിക്കുതാഴെ സ്വീകരിച്ചു.
അയ്യപ്പഭക്തരുടെ വലിയ തിരക്കാണു ശബരിമലയിൽ. അയ്യപ്പഭക്തർ ശരണം വിളികളോടെ പതിനെട്ടാം പടി കയറി അയ്യനെ കണ്ടുതൊഴ്തു. ഇടവം ഒന്ന് മുതൽ അഞ്ച് വരെ ആണ് നട തുറന്നിരിക്കുന്നത്. മെയ് 18നു പ്രതിഷ്ഠാ ദിന പ്രത്യേക പൂജകൾ ഉണ്ടായിരിക്കും. വെർച്ചൽ ക്യൂ വഴി രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ ദിവസങ്ങളിൽ ദർശനത്തിന് അവസരം ലഭിക്കും. അഞ്ച് ദിവസത്തെ പൂജകൾ പൂർത്തിയാക്കി ക്ഷേത്ര തിരുനട 19ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. പമ്പ നിലയ്ക്കല്‍ റൂട്ടില്‍ 50 ബസുകളും, പത്തനംതിട്ടയിൽ പതിനഞ്ചും, കുമളിയിൽ അഞ്ചും ബസുകൾ സ്‌പെഷ്യൽ സർവീസായി അനുവദിച്ചിട്ടുണ്ട്.