നമ്മുടെ നാട്ടിൽ സാധാരണ കണ്ടു വരുന്ന ഒരു രീതിയാണ് അപകടത്തിൽ പെട്ട വാഹനങ്ങൾ അവിടെ നിന്ന് മാറ്റുന്നത് പോലീസ് വന്നതിന് ശേഷമാണെന്നുള്ളത്. എന്നാൽ ഈ രീതി തെറ്റാണെന്നും അപകടത്തിൽ പെട്ട വാഹനങ്ങൾ മാറ്റുന്നതിന് പോലീസ് വരുന്നത് വരെ കാത്തിരിക്കേണ്ട ആവശ്യമില്ല എന്നുമാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്. ഇത്തരത്തിൽ വാഹനങ്ങൾ മാറ്റാൻ താമസിക്കുന്നത് വീണ്ടും അപകടങ്ങൾ ഉണ്ടാകാൻ കാരണമായേക്കാം എന്നും എം വി ഡി പറയുന്നു. അതിനാൽ തന്നെ അപകടം ഉണ്ടായാൽ പോലീസ് വരാൻ കാത്തിരിക്കേണ്ട എന്നും എന്നാൽ വാഹനങ്ങൾ മാറ്റുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ടെന്നും പറയുന്നു.
റോഡ് ചട്ടങ്ങള്‍ പരിഷ്കരിച്ച് 2017-ല്‍ പുറത്തിറക്കിയ ഡ്രൈവിങ് റെഗുലേഷനില്‍ ആണ് ഈ കാര്യങ്ങൾ കൃത്യമായി പറയുന്നത്. അപകടം ഉണ്ടായി കഴിഞ്ഞാൽ വാഹനമോടിച്ചയാളും യാത്രക്കാരും തമ്മിൽ വാക്ക് തർക്കത്തിൽ ഏർപ്പെടുന്നത് ഔചിത്യം അല്ലെന്നും അപകടത്തിൽ പരിക്കേറ്റവർ ഉണ്ടെങ്കിൽ അവർക്ക് ഉടൻ തന്നെ ചികിത്സ ലഭ്യമാക്കാനാണ് ശ്രദ്ധിക്കേണ്ടത്. കൂടാതെ അപകടത്തിൽ പെട്ട വാഹനത്തിന്റെ സ്ഥിതി പൊലീസിന് മനസ്സിലാക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ അപകടത്തിൽ പെടുന്ന വാഹനങ്ങളുടെ വീഡിയോ പകർത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഇത്തരത്തിൽ വീഡിയോ പകർത്തുന്നതിൽ യാതൊരു വിധ തടസവും ഉണ്ടാക്കാൻ പാടുള്ളതല്ല. അപകടത്തില്‍പ്പെട്ട വാഹനത്തിന്റേയോ വാഹനങ്ങളുടേയോ വീഡിയോ എടുത്തുവെക്കുക. പോലീസിനു ബോധ്യപ്പെടുന്നരീതിയില്‍ അപകടദൃശ്യം പകർത്തണം. അതിനു ശേഷം അപകടത്തിൽ പെടുന്ന വാഹനങ്ങൾ നീക്കാവുന്നതാണ്.
