ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടൻ മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരേ ലെെംഗിക ആരോപണം ഉന്നയിച്ച ആലുവ സ്വദേശിയായ നടിക്കെതിരേ യുവതി രംഗത്ത്. പതിനാറ് വയസുള്ളപ്പോൾ തനിക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ചെന്നൈയിൽ കൊണ്ടുപോയി കാഴ്ച വെച്ചെന്ന് മൂവാറ്റുപുഴ സ്വദേശിയായ യുവതി. നടിയുടെ അടുത്ത ബന്ധുകൂടിയായ യുവതി കേരള- തമിഴ്നാട് മുഖ്യമന്ത്രിമാർക്കും ഡിജിപിമാർക്കും പരാതി നൽകിയിട്ടുണ്ട്.
2014ലാണ് സംഭവം നടന്നത്. അവർ എന്റെ അടുത്ത ബന്ധുആണ്.
സിനിമയിൽ അവസരം നൽകാം എന്ന് പറഞ്ഞു ചെന്നൈയിൽ ഓഡിഷന് എന്ന് പറഞ്ഞാണ് കൊണ്ടുപോയത്. ഞാനും അമ്മയുംകൂടിയാണ് ചെന്നൈയിൽ അവരുടെ വീട്ടിൽ പോയത്. അവിടെ അവരുടെ മക്കളെ നോക്കാനെന്ന് പറഞ്ഞ് അമ്മയെ വീട്ടിൽ നിർത്തിയിട്ട് എന്നെ നന്നായി ഒരുക്കി അവർ കൊണ്ടുപോയി. അവിടെ ഒരു ഹോട്ടലിൽ ആണ് എന്നെ കൊണ്ട് പോയത് അവിടെ മുറിയിൽ അഞ്ചാറ് ആണുങ്ങൾ ഉണ്ടായിരുന്നു. എനിക്ക് അവർ ഷേക്ക് ഹാന്റ്അല്ല തന്നത്. പിന്നാലെ എന്റെ മുഖത്തും മുടിയിലുമൊക്കെ തൊടുകയായിരുന്നു. ഞാൻ അവരെ തട്ടിമാറ്റി. അപ്പോഴാണ് എനിക്ക് ഓഡിഷൻ അല്ലായെന്ന് മനസിലായത്. ഞാൻ ഒ കെ ആണെന്നൊക്കെ ഇവർ തമ്മിൽ സംസാരിക്കുന്നത് കേട്ടു. പിന്നാലെ അലറിവിളിച്ച് അലറിവിളിച്ച് കരഞ്ഞാണ് രക്ഷപ്പെട്ടത്, യുവതി പറഞ്ഞു.
