കൊച്ചിയില്‍ എന്‍സിസി ക്യാമ്പിന്റെ ചുമതലയിലായിരുന്ന ലഫ്റ്റനന്റ് കേണലിനെ ആക്രമിച്ച കുറ്റവാളികള്‍ക്കെതിരേ കര്‍ശനമായ നിയമ നടപടികളുണ്ടാകണമെന്ന് ബിജെപി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. പ്രതികളെ ശിക്ഷിക്കാൻ കഴിയില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവച്ചൊഴിയണം എന്നും പ്രതികൾക്കെതിരെ കേരള പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
സൈനിക സേവനത്തിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനെ ആക്രമിച്ച തികഞ്ഞ ഗുണ്ടകളായ ഈ കുറ്റവാളികള്‍ നിയമം അനുശാസിക്കുന്ന ഏറ്റവും കടുത്ത ശിക്ഷയര്‍ഹിക്കുന്നു. ഈ കുറ്റവാളികള്‍ രാജ്യത്തെ നിയമങ്ങളനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യപ്പെടണം.കേരള പൊലീസിന്റെ അടിയന്തരമായ നടപടികള്‍ ഇക്കാര്യത്തിലുണ്ടാകണമെന്ന് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പള്ളുരുത്തി സ്വദേശികളായ നിഷാദ്, നവാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഇരുവരും ക്യാമ്പിനെത്തിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ആണ്. എൻസിസി ഓഫീസർക്ക് മർദ്ദനമേറ്റെന്ന പരാതിയിലാണ് നടപടി.
