ഈ വര്‍ഷത്തെ പത്മപ്രഭ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്. 75000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത നോവലിസ്റ്റ് എന്‍.എസ്. മാധവന്‍, കവിയും ഗദ്യകാരനുമായ കല്‍പ്പറ്റ നാരായണന്‍, നിരൂപക എസ്. ശാരദക്കുട്ടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത് എന്ന് പത്മപ്രഭാ ട്രസ്റ്റ് ചെയര്‍മാന്‍ എം.വി. ശ്രേയാംസ് കുമാര്‍ അറിയിച്ചു.
ആധുനിക വയനാടിന്റെ ശില്പികളിൽ പ്രമുഖനായ എം.കെ. പത്മപ്രഭാ ഗൗഡരുടെ പേരിൽ ഏർപ്പെടുത്തിയ സാഹിത്യപുരസ്‌കാരമാണ് ‘പത്മപ്രഭാ പുരസ്കാരം. 1996 മുതൽ തുടർച്ചയായി ഇത് നല്കിവരുന്നുണ്ട്.
1999-ൽ റിലീസായ ഗർഷോം എന്ന സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി കൊണ്ടാണ് റഫീക്ക് അഹമ്മദ് മലയാള ചലച്ചിത്ര രംഗത്തെത്തുന്നത്. പറയാൻ മറന്ന പരിഭവങ്ങൾ ആണ് ആദ്ദേഹം എഴുതിയ ആദ്യ ഗാനം. പുതുമയാർന്ന ബിംബങ്ങളും പദങ്ങളുമാണ് റഫീക്ക് അഹമ്മദ് ഗാനങ്ങളുടെ സവിശേഷത. ഒരേ സമയം അർത്ഥഗാംഭീര്യവും കാവ്യഗുണവും തുളുമ്പുന്ന ഗാനങ്ങൾ രചിച്ച് മലയാള ചലച്ചിത്ര ഗാനരംഗത്ത് തൻ്റെതായ ഇടം റഫീക്ക് അഹമ്മദ് കണ്ടെത്തി.
കവിതയിലും സിനിമാ ഗാനങ്ങളിലും ഒരുപോലെ റഫീക്ക് അഹമ്മദ് സ്വകീയമായ ഒരു നവവസന്തം സൃഷ്ടിച്ചുവെന്നും കേരളീയ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുമായുള്ള മലയാള കവിതയുടെ ബന്ധം മുറിഞ്ഞുപോവാതെ നിലനിര്‍ത്തിയ കവിയാണ് റഫീക്ക് അഹമ്മദ് എന്നും പുരസ്‌കാര സമിതി വിലയിരുത്തി.












