പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനാ പതിപ്പ് കൈയ്യിലേന്തിയാണ് പ്രിയങ്ക വയനാടിന്റെ ശബ്ദമായി ലോക്സഭയിൽ സത്യപ്രതിജ്ഞ ചൊല്ലിയത്. വലിയ കയ്യടികളോടെയാണ് പ്രിയങ്കയെ കോൺഗ്രസ് എംപിമാർ പാർലമെന്‍റിൽ സ്വഗതം ചെയ്തത്. പ്രിയങ്ക കൂടിയെത്തിയതോടെ നെഹ്റു കുടുംബത്തില്‍ നിന്നുള്ള 3 പേര്‍ പാര്‍ലമെന്‍റില്‍ സാന്നിധ്യമാകുകയാണ്.
കേരളസാരി ഉടുത്താണ് പ്രിയങ്ക തന്റെ കന്നി പാർലമെന്റ് പ്രവേശനത്തിന് എത്തിയത്. സഹോദരൻ രാഹുൽ ഗാന്ധി ലോക്സഭാംഗവും മാതാവ് സോണിയ ഗാന്ധി രാജ്യസഭാംഗവുമാണ്. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ ശനിയാഴ്ച പ്രിയങ്ക ഗാന്ധി 2 ദിവസം സന്ദർശനത്തിനായി വയനാട്ടിലെത്തും. പ്രവര്‍ത്തകർക്ക് നന്ദി അറിയിക്കുന്നതിന്‍റെ ഭാഗമായാണ് പ്രിയങ്കയുടെ സന്ദര്‍ശനമെന്നാണ് വിവരം.
സത്യപ്രതിജ്ഞയ്ക്കുശേഷം ലോക്സഭയിൽ പ്രിയങ്ക ഗാന്ധി ആദ്യമുന്നയിക്കുക വയനാട് ഉരുൾപൊട്ടൽ വിഷയമായിരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചിരുന്നു. വയനാട് ദുരന്തനിവാരണ പാക്കേജ് വൈകുന്നത് പ്രിയങ്ക ലോക്സഭയിലെ തന്‍റെ കന്നി പ്രസംഗത്തിൽ ചോദ്യം ചെയ്യുമെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞിരുന്നു.
