ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം പ്രകടിപ്പിക്കുകയും “ദുഃഖകരമായ സമയത്ത്” ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നുവെന്ന് പറയുകയും ചെയ്തു.
ഇന്ത്യ-ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നൽകിയ സംഭാവനകൾ എപ്പോഴും ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും ഇറാനിലെ ജനങ്ങൾക്കും എന്റെ ഹൃദയംഗമമായ അനുശോചനം. ദുഃഖത്തിന്റെ ഈ സമയത്ത് ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നു “, അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറഞ്ഞു.
ഇറാനിയൻ നേതാവിന്റെ ഹെലികോപ്റ്റർ കാണാതായപ്പോൾ പ്രധാനമന്ത്രി മോദി “അഗാധമായ ആശങ്ക” പ്രകടിപ്പിക്കുകയും പ്രസിഡന്റിന്റെയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുല്ലാഹിയാൻ ഉൾപ്പെടെയുള്ള സംഘത്തിന്റെയും ക്ഷേമത്തിനായി പ്രാർത്ഥിക്കുകയാണെന്നും പറഞ്ഞിരുന്നു.
ഇറാൻ്റെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് അസർബൈജാനുമായുള്ള അതിർത്തി പ്രദേശം സന്ദർശിച്ച് മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്. അസർബൈജാൻ-ഇറാൻ അതിർത്തിക്ക് സമീപം ഞായറാഴ്ച തകർന്ന ഹെലികോപ്റ്ററിൻ്റെ അവശിഷ്ടങ്ങൾ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മരണ വിവരം പുറത്തുവരുന്നത്.
