പ്രശാന്തനെ സ്ഥിരപ്പെടുത്താനുള്ള നടപടികളുമായി മുന്നോട്ട് പോകില്ല, പ്രശാന്തനെ സർവ്വീസിൽ നിന്നും പിരിച്ചുവിടും ആരോഗ്യമന്ത്രി വീണാ ജോർജ്. എ.ഡി.എം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന ആരോപണവുമായി രംഗത്തെത്തിയ പ്രശാന്തനെതിരേ കടുത്ത നടപടിയെടുക്കാനൊരുങ്ങി ആരോഗ്യവകുപ്പ്. പ്രശാന്തൻ ഇനി സർവ്വീസിൽ വേണ്ടെന്നും പ്രശാന്തൻ ഇനി സർക്കാർ ശമ്പളം വാങ്ങില്ലെന്നും വീണാ ജോർജ് പറഞ്ഞു.
സംഭവത്തില്‍ ആരോഗ്യവകുപ്പ് നേരിട്ട് അന്വേഷണത്തിന് ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. പ്രിൻസിപ്പലിന്റെ റിപ്പോർട്ട് തൃപ്തികരമല്ലാത്തതു കൊണ്ടാണ് നേരിട്ട് അന്വേഷിക്കുന്നത്.പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരനാണ് പ്രശാന്തൻ. ഇലക്ട്രിക് വകുപ്പിലാണ് ജോലി. താത്കാലിക ജീവനക്കാരനായ പ്രശാന്തനെ സ്ഥിരപ്പെടുത്താൻ നീക്കം നടത്തുന്നതിനിടെയാണ് വിവാദങ്ങളുണ്ടായത്.
പെട്രോൾ പമ്പ് തുടങ്ങുന്നതിന് എതിർപ്പില്ലാരേഖ നൽകാൻ എ.ഡി.എം. നവീൻ ബാബു ഒരു ലക്ഷം രൂപ ചോദിച്ചെന്നും 98,500 രൂപ നൽകിയെന്നുമായിരുന്നു ടി.വി. പ്രശാന്തന്റെ ആരോപണം. അതേസമയം പെട്രോൾ പമ്പ് തുടങ്ങുന്നതിനായി കോടികളുടെ തുക പ്രശാന്തന് എങ്ങനെ എവിടെ നിന്ന് ലഭിച്ചുവെന്നതും സർവീസ് ചട്ടം ലംഘിച്ചോ എന്ന കാര്യവും അന്വേഷിക്കും. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇതിനായി കണ്ണൂരിലെത്തുമെന്ന് വീണാ ജോർജ് അറിയിച്ചു.
