നവരാത്രി പൂജ വയ്പ്പ് ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകൾക്കും അവധി ബാധകമായിരിക്കും.
സാധാരണഗതിയില്‍ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നത്. ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിനു തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്കുവരുന്ന 10ന് വൈകിട്ടാണ് പൂജവെയ്പ്. എന്നാൽ ദുർഗാഷ്ടമി ദിവസമായ 11 ന് പൊതു അവധി അല്ലാത്തതിനാൽ വിശ്വാസികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്നും ഒക്ടോബർ 11ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് എൻജിഒ സംഘ് ചീഫ് സെക്രട്ടറിയെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി.
