യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനെ മർദിച്ച എസ്എഫ്ഐ പ്രവർത്തകരെ കണ്ടെത്താനാകാതെ പൊലീസ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ യൂണിയൻ റൂമിൽ വെച്ച് മർദ്ദിച്ച സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കോളേജും പ്രതികള്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല.
ഇതുവരെ പ്രതികളായ എസ്എഫ്ഐക്കാരെ പിടികൂടാൻ പൊലീസിനും സാധിച്ചിട്ടില്ല. പ്രതികളെല്ലാം ഒളിവിലാണെന്നാണ് കൻൺമെന്റ് പൊലീസിന്റെ വിശദീകരണം. കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടാം വർഷ ഡിഗ്രിവിദ്യാർത്ഥിയായ അനസിനെ എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികള്‍ ഉള്‍പ്പെടെ യൂണിയൻ റൂമിൽ വെച്ച് മർദിച്ചത്. അനസിന്റെ പരാതിയിൽ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരം അടുത്ത ദിവസം പൊലീസ് കേസെടുത്തു.
യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിധു ഉദയ, പ്രസിഡൻറ് അമൽചന്ദ്, കമ്മിറ്റി അംഗങ്ങളായ മിഥുൻ, അലൻ എന്നിവർ ചേർന്നാണ് മർദ്ദിച്ചത്. പ്രതികളിൽ ഒരാളായ അലൻ ജമാൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുകയും ചെയ്തു.
